Sunday, May 11, 2008

തുമ്പീ - ഒരു പ്രേമസന്ദേശമേകുമോ?

പാടിയവതരിപ്പിക്കാന്‍ കൊള്ളാവുന്ന ഒരു പ്രേമഗീതം. സംഗീതം ചേര്‍ത്ത് പാടിയാല്‍ ലിങ്ക് അയച്ചുതരാന്‍ മറക്കരുതേ... :)


പൂത്തുമ്പീ പൂവാലിത്തുമ്പീ!
പുന്നാകച്ചോട്ടിലിരിക്കും വര്‍ണ്ണപ്പൂത്തുമ്പീ-
പൂവരശ്ശിന്നരികില്‍ നില്‍ക്കും കൂവളക്കണ്ണാള്‍ക്കെന്‍
പ്രേമസന്ദേശമൊന്നു ചൊല്ലി വരുമോ നീ?

[പൂത്തുമ്പീ ... ]


ഇന്നലെ കണ്ടപ്പോള്‍- കോവിലില്‍
ചന്ദനം ചാര്‍ത്തി നില്പൂ..
ഇന്നു ഞാന്‍ നോക്കിയപ്പോള്‍ - വാടിയില്‍
ഇളവെയില്‍കാഞ്ഞു നിന്നൂ!
ഈണത്തില്‍ പാടിയാ സുന്ദരിപ്പെണ്ണാള്‍ക്കു
സന്ദേശമേകിവരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!

[പൂത്തുമ്പീ ... ]


പൂവാറിന്‍ തീരത്ത് ഈറനണിഞ്ഞു- ചെം
തൂവല്‍ മിനുക്കി നില്‍പ്പൂ - പാട്ടൊന്നു മൂളിയവള്‍.
പൂവാകത്തളിരൊത്തിരി വീണുകിടന്ന വാടീല്‍ (വാടിയില്‍)
തൂവാനൊരുങ്ങി തീര്‍ത്ഥം - വെയിലേല്‍ക്കാന്‍ വന്ന മേഘം.

ഇളവെയ്‌ലും മഴമേഘോം കെട്ടിപ്പിടിക്കുന്നേരം
സന്ദേശമേകി വരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!

[പൂത്തുമ്പീ ... ]